Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗോരഖ്പൂര്‍  ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 കുട്ടികള്‍; മുഖ്യമന്ത്രി എത്തിയ ദിവസം മാത്രം ഒന്‍പത് മരണം

ലക്‌നൗ-കൂട്ടമരണം നടന്ന ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 കുട്ടികളെന്ന് ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ 30 കുട്ടികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് കൂടുതല്‍ മരണക്കണക്കുകള്‍ പുറത്തു വന്നത്. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ഈ അസാധാരണ സംഭവത്തില്‍ മജ്‌സിട്രേറ്റു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അണുബാധയാണ് ഇത്രയും പേരുടെ ജീവനെടുത്തതെങ്കിലും ഓക്‌സിജന്‍ ലഭിക്കാത്തതും മരണകാരണമായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ജില്ലാ അധികാരികള്‍ ഇതു നിഷേധിച്ചു. 

രണ്ടു ദിവസം മുമ്പാണ് മുഖ്യമന്ത്രി ആദിത്യനാഥ് ഈ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ വാര്‍ഡും അദ്ദേഹം പരിശോധിച്ചിരുന്നു. 10 ബെഡുകളുള്ള ഐ സി യു, ആറ് ബെഡുകളുള്ള സി സി യു എന്നിവ ഉല്‍ഘാടനം ചെയ്ത ശേഷം ജപ്പാന്‍ ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ പ്രത്യേക വാര്‍ഡും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി എത്തിയ ദിവസം ഒമ്പത് കുട്ടികളാണ് ഇവിടെ മരിച്ചത്.

കഴിഞ്ഞ ദിവസം ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് ഏഴ് തിങ്കളാഴ്ച ഇവിടെ ഒമ്പത് കുട്ടികള്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച 12-ഉം ബുധനാഴ്ച ഒമ്പതും വ്യഴാഴ്ച 23-ഉം വെള്ളിയാഴ്ച ഏഴും കുട്ടികളാണ് കുട്ടികളുടെ ഐസിയുവിലും മറ്റു വാര്‍ഡുകളിലുമായി മരിച്ചത്.  

ഓക്‌സിജന്‍ ലഭിക്കാതെയാണ് കുട്ടികള്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഓക്‌സിജന്‍ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ആശുപത്രിയില്‍ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്. 'ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഒക്‌സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ഒരു മരണവും സംഭവിച്ചിട്ടില്ല. വൈദ്യശാസ്ത്രപരമായ മറ്റു കാരണങ്ങളാണ് മരങ്ങള്‍ക്കിടയാക്കിയത്. പണം അടക്കാത്തിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണ കമ്പനി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നില്ല എന്നതു സംബന്ധിച്ചു അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ 50 ഓക്സിജന്‍ സിലിണ്ടറുകല്‍ ആശുപത്രിയില്‍ ലഭ്യമായിരുന്നു,' ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗതേല പറഞ്ഞു. 

ഇതു കൂടാതെ സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 

Latest News