പെരിന്തല്‍മണ്ണ- രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28കാരിയെ പൊലീസ് കണ്ടെത്തി കേസെടുത്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെയാണ് കേസെടുത്തത്.
പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. 2019 നവംബര്‍ ഏഴിനാണ് യുവതി ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ കാമുകനുമൊത്ത് താമസിച്ചുവരുന്നതായി കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകന്.