ന്യൂദല്‍ഹി- ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പണി പോകുമെന്ന് റിപോര്‍ട്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധനമന്ത്രിയെ മാറ്റി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. ധനമന്ത്രി പദവിയില്‍ നിന്ന് നിര്‍മലയെ മാറ്റി പകരം ബ്രിക്‌സ് ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്തിനെ പുതിയ ധനമന്ത്രിയാക്കാനാണ് മോഡി സര്‍ക്കാരിന്റെ നീക്കമെന്ന് നാഷണല്‍ ഹെറള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക രംഗം നിര്‍മല കൈകാര്യം ചെയത രീതിയില്‍ പ്രധാനമന്ത്രി മോഡിക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ബജറ്റിന് മുന്നോടിയായി നടന്ന സുപ്രധാന ചര്‍ച്ചാ യോഗങ്ങളിലൊന്നും ധനമന്ത്രിയെ പങ്കെടുപ്പിക്കാതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.
ധനമന്ത്രി പദവിയിലേക്ക് പരിഗണനയിലുള്ള കെ വി കാമത്ത് നേരത്തെ ഇന്‍ഫോസിസ് ചെയര്‍മാനായും ഐസിഐസിഐ ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി കോര്‍പറേറ്റ് കമ്പനികളുടെ ബോര്‍ഡിലും അംഗമായിരുന്നിട്ടുണ്ട്.
പുതിയ മന്ത്രിസഭാ വികസനം നടക്കുമ്പോള്‍ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സ്വപന്‍ ദാസ്ഗുപ്തയ്ക്കും നിതി ആയോഗ് സിഇഒയും കേരള കേഡര്‍ ഐഎഎസ് ഓഫീസറുമായ അമിതാഭ് കാന്തിനും മന്ത്രി സഭയില്‍ ഇടം ലഭിച്ചേക്കുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.