Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി നിയമത്തിനെതിരെ നാടകം; സ്കൂൾ വിദ്യാർഥികളെ ചോദ്യം ചെയ്ത് കർണാടക പോലീസ്

ബംഗളൂരു- പൗരത്വഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ റിപ്പബ്ലിക് ദിനത്തിൽ നാടകം അവതരിപ്പിച്ച സ്‌കൂൾ വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്കെതിരെ വിമർശനം വ്യാപകമാകുന്നു. കർണാടകയിലെ ബിദറിലെ ഷഹീൻ സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാനേജ്‌മെന്റിനും എതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സ്‌കൂൾ പ്രസിഡന്റിനും മാനേജ്‌മെന്റിനും മറ്റൊരാൾക്കുമെതിരെ രാജ്യദ്രോഹ കുറ്റമാണ് പോലീസ് ചുമത്തിയത്. വിദ്യാർഥികളെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. നാടകത്തിൽ അഭിനയിച്ച വിദ്യാർഥികളെ ചോദ്യം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. നാടകത്തിൽ പ്രധാനമന്ത്രി മോഡിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടായിരുന്നുവെന്നും രേഖ ചോദിച്ചുവരുന്നവരെ ചെരിപ്പൂരി അടിക്കണമെന്ന സംഭാഷണമുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പി നാടകത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിദ്യാർഥികളെ കുറ്റവാളികളെ പോലെ കണക്കാക്കിയാണ് പോലീസ് ചോദ്യം ചെയ്തത്. ഇതിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പേടിച്ചരണ്ട് നിൽക്കുന്ന പോലെയാണ് വിദ്യാർഥികൾ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയമായത്. 
 

Latest News