ജിദ്ദ - ജിദ്ദ, യാമ്പു എക്സ്പ്രസ്വേയിൽ കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കങ്ങൾ ആരംഭിച്ചു. നിലവിൽ ഈ റോഡിലെ കൂടിയ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററാണ്.
രാജ്യത്തെ മറ്റു പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തിയതിനു സമാനമായി ജിദ്ദ-യാമ്പു എക്സ്പ്രസ്വേയിലും വേഗപരിധി കൂട്ടണമെന്ന് ഡ്രൈവർമാർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ റോഡിൽ പുതിയ വേഗപരിധി ആഴ്ചകൾക്കുള്ളിൽ നിലവിൽവരുമെന്നാണ് വിവരം.
രാജ്യത്തെ എക്സ്പ്രസ്വേകളിൽ കൂടിയ വേഗപരിധി പൊതുസുരക്ഷാ വകുപ്പ് കഴിഞ്ഞ വർഷം ഉയർത്തിയപ്പോൾ ഏതാനും റോഡുകളെ ഇതിൽനിന്ന് മാറ്റിനിർത്തിയിരുന്നു.
രാജ്യത്തെ എട്ടു എക്സ്പ്രസ്വേകളിലാണ് കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി നേരത്തെ ഉയർത്തിയത്.
സുരക്ഷാ നിലവാരം ഏറെ ഉയർന്ന റോഡുകളിലാണ് വേഗപരിധി പൊതുസുരക്ഷാ വകുപ്പ് ഉയർത്തിയത്.