Sorry, you need to enable JavaScript to visit this website.

സെൻസർ ബോർഡിൽനിന്ന് നിഹലാനി  പുറത്ത്; പ്രസൂൺ ജോഷി പുതിയ അധ്യക്ഷൻ

മുംബൈ- നിരന്തര വിവാദങ്ങൾക്കു വേദിയായ ഫിലിം സെൻസർ ബോർഡിൽനിന്ന് പഹ്‌ലജ് നിഹലാനി പടിയിറങ്ങി. നിഹലാനിക്ക് പകരം പ്രസൂൺ ജോഷിയാണ് സെൻസർ ബോർഡിന്റെ പുതിയ അധ്യക്ഷൻ. ജനുവരിയിൽ മൂന്നുവർഷ കാലാവധി അവസാനിക്കാനിരിക്കെയാണ് നിഹലാനിയെ കേന്ദ്രം പുറത്താക്കിയത്. 2015 ജനുവരിയിലാണ് നിഹലാനി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ സ്ഥാനത്തു നിയമിതനായത്. തുടർച്ചയായി നിഹലാനി സെൻസർ ബോർഡിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചതാണ് സർക്കാരിന്റെ അതൃപ്തിക്ക് കാരണമായത്. സെൻസർ ബോർഡിനെ സ്വന്തം സ്ഥാപനം കണക്കെയാണ് നിഹലാനി കരുതുന്നതെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപണമുയർത്തു. കൂടാതെ, അനാവശ്യമായ വെട്ടിമാറ്റലുകൾ സിനിമാ മേഖലയേയും അദ്ദേഹത്തിൽനിന്ന് അകറ്റി. ഇതാണ് സ്ഥാനചലനത്തിനു കാരണമെന്നു കരുതുന്നു. 
അടുത്തിടെ, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മധുർ ഭണ്ഡാർക്കർ ചിത്രം ഇന്ദു സർക്കാർ, സ്ത്രീ ലൈംഗികതയെക്കുറിച്ച് പറയുന്ന ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ തുടങ്ങിയ ചിത്രങ്ങൾക്ക് നിഹലാനി അനാവശ്യ മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഇത് വിവാദത്തിനു വഴിവച്ചു. ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയുടെ സംവിധായകൻ അലംകൃത ശ്രീവാസ്തവ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തതും കേന്ദ്രസർക്കാരിനു ക്ഷീണമായി. ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബിന് 89 കത്രിക വെക്കലുകൾ നിർദേശിച്ച നിഹലാനിയുടെ നടപടിയും വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
 

Latest News