ന്യൂദൽഹി- അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് തന്നെ ജെ.ഡി.യുവിൽ എടുത്തതെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനവുമായി പ്രശാന്ത് കിഷോർ. പാർട്ടി വൈസ് പ്രസിഡന്റ് കൂടിയായ പ്രശാന്ത് കിഷോർ ഏതാനും ദിവസങ്ങളായി സി.എ.എ, എൻ.പി.ആർ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിതീഷ് കുമാറുമായി ഇടഞ്ഞുനിൽക്കുകയാണ്. താങ്കൾ പറയുന്നത് സത്യമാണെങ്കിൽ അമിത് ഷാ നിയോഗിച്ചയാളെ കേൾക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. പ്രശാന്ത് കിഷോറിനെ ആരുംപാർട്ടിയിൽ പിടിച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ പാർട്ടി വിടാമെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. പ്രശാന്ത് കിഷോർ നേരത്തെ നിരവധി പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ജെ.ഡി.യുവിൽനിന്ന് അദ്ദേഹത്തിന് പോകണമെങ്കിൽ പോകാം. പക്ഷെ, ഒരു കാര്യം പ്രശാന്ത് കിഷോർ ഓർക്കണം. അമിത് ഷായുടെ കടുത്ത നിർബന്ധം മൂലമാണ് കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്തിയത് എന്ന കാര്യം. ഈ പ്രസ്താവന വന്നയുടൻ തന്നെ ഞാൻ അധികം വൈകാതെ ബിഹാറിലേക്ക് വരുന്നുണ്ടെന്നും മറുപടിക്ക് വേണ്ടി കാത്തുനിൽക്കണമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് കിഷോർ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.