ന്യൂദല്‍ഹി- പൗരത്വ നിയമത്തെ പ്രതിരോധിക്കാന്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വന്തം രാജ്യത്ത് നിന്ന് മതത്തിന്റെ പേരില്‍ വേട്ടയാടല്‍ നേരിട്ട് അഭയാര്‍ത്ഥികളായ ജനതയ്ക്ക് നേരെ കാണിച്ച ചരിത്രപരമായ അനീതി തിരുത്താനാണ് സര്‍ക്കാര്‍ പൗരത്വ നിയമം ആവിഷ്‌കരിച്ചതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ന്യൂഡല്‍ഹിയിലെ എന്‍സിസി പരിപാടിയിലാണ് മോഡി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
'സിഎഎയുടെ പേരില്‍ ഭയപ്പെടുത്തല്‍ പരിപാടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വേട്ടയാടല്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വിശ്വാസത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നവരെ സഹായിക്കണ്ടേ? ഏതാനും നാള്‍ മുന്‍പ് പാക് സൈന്യം നല്‍കിയ സാനിറ്ററി ജോലിക്കാരുടെ തസ്തികയിലേക്ക് മുസ്‌ലിം ഇതര വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് രേഖപ്പെടുത്തിയത്', പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിരുന്നു സിഎഎ. അയല്‍രാജ്യങ്ങളില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ നേരിട്ട ചരിത്രപരമായ അനീതി തിരുത്താനാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മതത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതരര്‍ക്ക് പൗരത്വം അനുവദിക്കാന്‍ ഫാസ്റ്റ് ട്രാക്ക് സൗകര്യം ഒരുക്കുന്നതാണ് സിഎഎ. കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദവും, വിഘടനവാദവും പാക്കിസ്ഥാന്‍ പിന്തുണയ്ക്കുകയാണ്. നിലവിലെ ജമ്മു കശ്മീരിന്റെ അവസ്ഥയില്‍ എത്തിച്ചത് അബ്ദുള്ള, മുഫ്തി കുടുംബങ്ങളാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.