തിരുവനന്തപുരം- സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും ഇനി പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്യാം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്താല്‍ മതിയാകും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാന്‍ തീരുമാനിച്ചതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.
ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാല്‍ അതേ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമായിരുന്നു. ഇത് പലപ്പോഴും യാത്ര ചെയ്യുന്നവര്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്. ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിനിരയായ വെറ്ററിനറി ഡോക്ടറെ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ബന്ധുക്കളോട് സ്റ്റേഷന്‍ പരിധിയെക്കുറിച്ചുള്ള തര്‍ക്കം പറഞ്ഞ് പോലീസ് നടപടിയെടുത്തിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു.
ട്രെയിനിലോ ബസിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സ്ഥലത്ത് നിര്‍ത്തി അതത് പോലീസ് സ്റ്റേഷനില്‍ പോകണമെന്നതും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇനി മുതല്‍ അത് വേണ്ടിവരില്ല. ട്രെയിനിലോ ബസിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ വകുപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചത്. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.