ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിന്റേയും ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന്റേയും ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുതിയ ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ പൗരന്മാരെ നിരീക്ഷിക്കാനും അവരുടെ സ്വകാര്യത തകര്‍ക്കാനും ഉപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉദഗര്‍റാം, ബിമലേഷ് കുമാര്‍ യാദവ്, സഞ്ജയ് സാഫി എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.
അതിനിടെ, കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹരജിക്കൊപ്പം നല്‍കിയ രേഖകളിലെ പിഴവ് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി രജിസ്ട്രി നോട്ടീസ് നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് സ്യൂട്ടിന്റെ തുടര്‍ നടപടികള്‍ക്കായുള്ള പ്രോസസ്സിംഗ് ഫീസ് കോടതിയില്‍ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നല്‍കിയ രണ്ട് രേഖകളിലെ പിഴവുകള്‍ നീക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയത്.
നോട്ടീസ് അയച്ച കാര്യം സുപ്രീം കോടതി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ കൈമാറിയതിന് ശേഷം സ്യൂട്ട് കോടതിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി കൈമാറി. കേന്ദ്ര സര്‍ക്കാരിന് കൈമാറാനുള്ള സ്യൂട്ടിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ തടസ്സ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.