Sorry, you need to enable JavaScript to visit this website.

മുന്‍പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ കുടി പിടിയില്‍

കാട്ടാക്കട- അമ്പലത്തിന്‍കാലയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ മുന്‍പ്രവാസി സംഗീതിനെ ജെ.സി.ബി കൊണ്ട് ഇടിച്ചുകൊന്ന സംഭവത്തില്‍ ആറുപേരെ കൂടി കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഏഴായി.

പ്രധാന പ്രതിയും ജെ.സി.ബി ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടില്‍ സജു എന്ന സ്റ്റാന്‍ലിന്‍ ജോണ്‍(48), ടിപ്പര്‍ ഉടമ കിഴമച്ചല്‍ പദ്മിനി നിവാസില്‍ ഉത്തമന്‍ എന്ന മണികണ്ഠന്‍ നായര്‍(34), ടിപ്പര്‍ ഡ്രൈവര്‍ കൊല്ലകോണം കുഴിവിള വീട്ടില്‍ ലിനു(30), ക്ലീനര്‍ മാറനല്ലൂര്‍ കൂവളശ്ശേരി റോഡരികത്ത് വീട്ടില്‍ മിഥുന്‍(25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മി ഭവനില്‍ ഉണ്ണി എന്ന ലാല്‍ കുമാര്‍(26), ഒറ്റശേഖരമംഗലം വെള്ളാങ്ങല്‍ ഉഷ ഭവനില്‍ അനീഷ് എന്ന വിനീഷ്(26) എന്നിവരാണ് പിടിയിലായത്. ജെ.സി.ബി ഓടിച്ചിരുന്ന ചാരുപാറ വിജിന്‍ നിവാസില്‍ വിജിനെ(24) നേരത്തെ അറസ്റ്റുചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന രണ്ടാമത്തെ ടിപ്പര്‍ ഡ്രൈവറായ ബൈജുവിനെയും സഹായികളായിരുന്ന രണ്ടുപേരെയുമാണ് ഇനി പിടികൂടാനുള്ളത്.

അമ്പലത്തിന്‍കാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീത്(37) കഴിഞ്ഞ 24-നാണ് കൊല്ലപ്പെട്ടത്. അതിക്രമിച്ചു കടക്കല്‍, അന്യായമായി സംഘം ചേരല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ക്കു പുറമേ മോഷണം വകുപ്പ് കൂടെ പ്രതികള്‍ക്കെതിേര ചുമത്തിയതായി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാര്‍ അറിയിച്ചു.

അനുവാദമില്ലാതെ വസ്തുവില്‍നിന്നു മണ്ണെടുക്കുന്നതിന് എത്തിയ സംഘത്തെയും വാഹനങ്ങളെയും സംഗീത് തടഞ്ഞതിലും പോലീസിനെ വിളിച്ചതിലുമുള്ള വൈരാഗ്യത്തിലാണ് കൊലനടത്തിയതെന്ന് എസ്.പി. പറഞ്ഞു. ആദ്യം ടിപ്പര്‍ കൊണ്ടിടിച്ചും താഴെവീണ് എഴുന്നേറ്റപ്പോള്‍ പിന്നാലെ വന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് എസ്.പി. പറഞ്ഞു. സംഭവം നടക്കുന്നതിനു മുമ്പ് പ്രതികള്‍ സംഗീതിന്റെ പുരയിടത്തില്‍നിന്ന് അഞ്ച് ലോഡ് മണ്ണുകടത്തിയിരുന്നു. കടത്തിയ മണ്ണ് നിക്ഷേപിച്ച സ്ഥലവും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവദിവസംതന്നെ പിടിയിലായ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്.

 

 

Latest News