Sorry, you need to enable JavaScript to visit this website.

റിസോർട്ടുകളുടെ പട്ടയം റദ്ദാക്കൽ:  ജില്ലാ കലക്ടർക്കെതിരെ സി.പി.എം 

ഇടുക്കി - ഭൂമി പതിവ് ചട്ടം ലംഘിച്ചതിന് മൂന്നാർ മേഖലയിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. പള്ളിവാസലിലെ വിവാദമായ പ്ലംജൂഡി അടക്കമുളള റിസോർട്ടുകളുടെ പട്ടയമാണ് കഴിഞ്ഞ ദിവസം കലക്ടർ എച്ച്.ദിനേശൻ റദ്ദാക്കിയത്. ഭൂമി ഏറ്റെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. 2018 ലെ പ്രളയ കാലത്ത് പാറ വീണ് അപകടമുണ്ടാവുകയും വിനോദ സഞ്ചാരികൾ കുടുങ്ങുകയും ചെയ്ത റിസോർട്ടാണ് പ്ലംജൂഡി. ഈ റിസോർട്ട് കുറച്ച് നാളത്തേക്ക് കലക്ടർ സീൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എസ്.രാജേന്ദ്രൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് ആംബർ ഡേ എന്ന പേരിൽ പ്രവർത്തനം നടത്തിവരികയായിരുന്നു. വിലക്ക് മൂലം നിർമാണം നിർത്തിവെച്ചിരിക്കുന്ന മാടപ്പറമ്പിൽ, സാഗർ എന്നിവയാണ് പട്ടയം റദ്ദാക്കപ്പെട്ട മറ്റ് റിസോർട്ടുകൾ. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ടണലുകൾ കടന്നുപോകുന്ന ഭാഗത്താണ് ഈ മൂന്നു റിസോർട്ടുകളും. യൂത്ത് കോൺഗ്രസ് നേതാവ് ബിജോ മാണി ഇവക്കെതിരെ വിജിലൻസിന് പരാതി നൽകിയിരുന്നു. 


ചട്ടലംഘനം എന്ന പേരിൽ പള്ളിവാസൽ വില്ലേജിലെ മൂന്ന് പട്ടയങ്ങൾ റദ്ദുചെയ്ത ജില്ലാ കലക്ടറുടെ നടപടി അനുചിതമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ പറഞ്ഞു. ഭൂ വിനിയോഗ നിയമ ഭേദഗതി സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കെ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൻമേൽ ജില്ലാ കലക്ടർ തിടുക്കത്തിൽ നടപടിയെടുത്ത് പട്ടയങ്ങൾ റദ്ദുചെയ്തത് സർക്കാർ പരിശോധിക്കണം. 1964 ലെ ഭൂമി പതിവു ചട്ടമനുസരിച്ച് ഭൂമി പതിച്ചു നൽകുന്നത് കൃഷിക്കും വീടുവെക്കുന്നതിനുമാണ്. എന്നാൽ വാണിജ്യ സ്ഥാപനങ്ങൾ ധാരാളമായി കേരളത്തിൽ ഉടനീളം കൃഷി ഭൂമികളിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പട്ടയങ്ങൾ റദ്ദു ചെയ്താൽ പതിനായിരക്കണക്കിന് പട്ടയങ്ങൾ റദ്ദുചെയ്യേണ്ടി വരും. 
ഈ കാര്യങ്ങൾ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങൾ മാത്രം ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി പ്രത്യേക സർവകക്ഷി യോഗം വിളിച്ചത്. 


തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ  1964 ലെയും 1993 ലെയും ഭൂവിനിയോഗ നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യുന്ന കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. സർക്കാരിന്റെ സജീവ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പെട്ടെന്ന് ഉദ്യോഗസ്ഥ നടപടിയുണ്ടായത് അംഗീകരിക്കാൻ കഴിയില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 

 

Latest News