റിയാദ് - വ്യക്തിപരമായ ആവശ്യങ്ങൾക്ക് പരമാവധി 50 പാക്കറ്റ് വരെ സിഗരറ്റ് രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് സൗദി കസ്റ്റംസ് ഡെപ്യൂട്ടി ഗവർണർ സുലൈമാൻ അൽതുവൈജിരി അറിയിച്ചു. വ്യാപാര ആവശ്യത്തിനല്ലാതെ, വ്യക്തിപരമായ ആവശ്യങ്ങൾക്ക് സിഗരറ്റുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ഇളവുകൾ അനുവദിക്കാൻ സൗദി കസ്റ്റംസും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും വാണിജ്യ, നിക്ഷേപ മന്ത്രാലയവും കഴിഞ്ഞയാഴ്ചയാണ് ധാരണയിലെത്തിയത്.
ഇതുപ്രകാരം അഞ്ചു ബണ്ടിലുകൾ (50 പാക്കറ്റ്) സിഗരറ്റുകൾ വരെ നികുതിയടച്ച് വ്യക്തികൾക്ക് രാജ്യത്തേക്ക് കൊണ്ടുവരാം. സിഗരറ്റ് ഇറക്കുമതി ചെയ്യുന്ന ഏജൻസികൾക്ക് ബാധകമായ അതേ നികുതിയാണ് വ്യക്തികളും നൽകേണ്ടത്. നിശ്ചിത പരിധിയിൽ കൂടുതലുള്ള സിഗരറ്റുകൾ നിശ്ചിത സമയത്തിനകം വ്യക്തികൾക്ക് വിദേശത്തേക്കു തന്നെ തിരികെ അയക്കാവുന്നതാണ്. അല്ലാത്ത പക്ഷം അവ കണ്ടുകെട്ടും.
18 വയസ്സ് പൂർത്തിയായ വ്യക്തികൾക്ക് നികുതിയില്ലാതെ ആകെ പത്തു പാക്കറ്റ് (ഒരു ബണ്ടിൽ) സിഗരറ്റ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അനുമതിയുണ്ട്.
സിഗരറ്റുകൾക്ക് പുതിയ പാക്കറ്റ് നിർബന്ധമാക്കിയ ശേഷം സിഗരറ്റുകളിലെ രുചി വ്യത്യാസവുമായി ബന്ധപ്പെട്ട് ഉപയോക്താക്കളിൽനിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് ഇതേക്കുറിച്ച് പഠിക്കുന്നതിന് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങൾ സിഗരറ്റ് കമ്പനികൾ പാലിക്കുന്നതു വരെ ഈ വ്യവസ്ഥകൾ പ്രാബല്യത്തിലുണ്ടാകും.
സിഗരറ്റ് കടത്ത് തടയുന്നതിന് സൗദി കസ്റ്റംസ് വലിയ ശ്രമങ്ങളാണ് നടത്തുന്നത്. സിഗരറ്റ് നികുതിയിൽ മാറ്റമുണ്ടായിട്ടില്ല. ഏതു വിലക്കാണ് വിദേശത്തു നിന്ന് വാങ്ങിയതെന്ന് നോക്കാതെ സിഗരറ്റിന് സൗദി കസ്റ്റംസ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. കഴിഞ്ഞ വർഷം സൗദി കസ്റ്റംസ് ഇറക്കുമതി തീരുവ ഇനത്തിൽ 2400 കോടിയിലേറെ റിയാൽ വരുമാനം നേടി. വ്യാജ ഉൽപന്നങ്ങളും ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉൽപന്നങ്ങളും പിടികൂടി കഴിഞ്ഞ വർഷം കസ്റ്റംസ് 29,000 ലേറെ പ്രാഥമികാന്വേഷണ റിപ്പോർട്ടുകൾ തയാറാക്കിയിരുന്നെന്നും സുലൈമാൻ അൽതുവൈജിരി പറഞ്ഞു.