ഗോരഖ്പൂർ- ഓക്സിജൻ വിതരണം മുടങ്ങിയതിനെ തുടർന്ന് ഗോരഖ്പൂരിലെ ആശുപത്രിയിൽ മുപ്പത് കുട്ടികൾ പിടഞ്ഞു മരിച്ചു. രണ്ടു ദിവസത്തിനകമാണ് ഇത്രയും കുട്ടികൾ മരിച്ചത്. ജപ്പാൻ ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികൾക്കാണ് അത്യാഹിതം സംഭവിച്ചത്.
മണിക്കൂറുകളോളം ഓക്സിജൻ വിതരണം മുടങ്ങിയതിനെ തുടർന്നായിരുന്നു മരണം. ഗോരഖ്പൂർ മേഖലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ബാബ രാഘവ്ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളേജിലാണ് സംഭവം.
ഇവിടേക്ക് ഓക്സിജൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 67 ലക്ഷം രൂപ അടക്കാനുള്ളത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതോടെയാണ് ഇവിടേക്കുള്ള ഓക്സിജൻ വിതരണം നിലച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമാണ് ഗോരഖ്പൂർ.