സന്ദര്‍ശക പ്രവാഹം പ്രതീക്ഷിച്ച് ദുബായ്, വിമാനത്താവളത്തില്‍ 90 അത്യാധുനിക കൗണ്ടറുകള്‍കൂടി

ദുബായ്- അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ അത്യാധുനിക എമിഗ്രേഷന്‍ കൗണ്ടറുകള്‍. 90 പുതിയ കൗണ്ടറുകളാണ് പുതിയതായി സജ്ജീകരിച്ചിട്ടുള്ളതെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി അറിയിച്ചു. ദുബായ് കാത്തിരിക്കുന്ന എക്‌സ്‌പോ 2020 ഓട് അനുബന്ധിച്ച് കൂടുതല്‍ സംവിധാനങ്ങളൊരുക്കും.
ചെക്ക് ഇന്‍ മുതല്‍ യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതുവരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായ ബയോമെട്രിക് പാതയാണ് ഉടനെ ഒരുങ്ങുന്നത്. നിലവില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട് ടണലുണ്ട്. പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ യന്ത്രത്തില്‍ വെക്കാതെ ടണലിലൂടെ നടന്ന് അപ്പുറം എത്തുമ്പോഴേക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന സംവിധാനമാണ് സ്മാര്‍ട്ട് ടണല്‍.
യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇതുവഴി കഴിയും. വന്‍ സന്ദര്‍ശന പ്രവാഹം പ്രതീക്ഷിക്കുന്ന ഈവര്‍ഷം സന്ദര്‍ശകര്‍ക്ക് എവിടെയും കാത്തുനില്‍ക്കാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍വേണ്ടിയാണ് ഇത്തരത്തിലുള്ള കൗണ്ടറുകള്‍ ഒരുക്കിയതെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചത് 12,15,36,037 യാത്രക്കാരാണ്.

 

Latest News