മുംബൈ- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത നടനും ബോളിവുഡ് സംവിധായകനുമായ അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
''നമ്മുടെ ആഭ്യന്തരമന്ത്രി എത്ര ഭീരുവാണ്. സ്വന്തം പോലീസ്, സ്വന്തം ഗുണ്ടകള്‍, സ്വന്തം സൈന്യം എന്നിവ ഉപയോഗിച്ച് സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. വിലകേടിന്റേയും അപകര്‍ഷതയുടെയും പരിധി ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് അമിത് ഷായാണ്. ചരിത്രം ഈ മൃഗത്തിനുനേരെ കാര്‍ക്കിച്ചു തുപ്പും,'' അനുരാഗ് കശ്യപ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ദല്‍ഹിയില്‍ പ്രതിഷേധിച്ചയാളെ ബിജെപി അനുയായികള്‍ മര്‍ദിച്ച സംഭവത്തിലാണ് അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ് രംഗത്തുവന്നത്.
അമിത് ഷായും മോഡിയും രാജ്യത്ത് ഗുണ്ടാ സംഘങ്ങളെ വാര്‍ത്തെടുക്കുകയാണെന്ന് നേരത്തെ അനുരാഗ് കശ്യപ് വിമര്‍ശിച്ചിരുന്നു. അക്രമമാണ് ബിജെപിയുടെ പാതയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നിലവിലെ സര്‍ക്കാര്‍ സംവാദങ്ങളില്‍ വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രി 'മന്‍ കി ബാത്' എന്ന പേരില്‍ അദ്ദേഹത്തിന്റെ മനസിലുള്ളത് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ മനസില്‍ എന്താണ് ഉള്ളതെന്ന് അറിയാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അതിന് അവസരം ലഭിക്കുന്നില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.ആഭ്യന്തര മന്ത്രിയെ വിമര്‍ശിക്കാന്‍ അനുരാഗ് കശ്യപ് ഉപയോഗിച്ച ഭാഷ വളരെ മോശമായെന്ന വിമര്‍ശവുമായി ബി.ജെ.പി,സംഘ് പരിവാര്‍ അനുയായികള്‍ രംഗത്തുവന്നിട്ടുണ്ട്.