Sorry, you need to enable JavaScript to visit this website.

നോട്ടുനിരോധനം തിരിച്ചടിയായി; സര്‍ക്കാരിനുള്ള റിസര്‍വ് ബാങ്ക് വിഹിതം പകുതിയായി ഇടിഞ്ഞു

ന്യൂദല്‍ഹി- സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഇന്ത്യയിലെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന മിച്ചം ഇത്തവണ പകുതിയോളം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനുള്ള വിഹിതമായി നല്‍കിയത് 65,876 കോടി രൂപയായിരുന്നെങ്കില്‍ 2016-17 വര്‍ഷത്തെ മിച്ചമായി ഇത്തവണ നല്‍കിയത് 30,659 കോടി രൂപ മാത്രം. എന്നാല്‍ ഈ ഗണ്യമായ കുറവിനു പിന്നിലെ കാരണം റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നില്ല. 

നോട്ടു നിരോധനത്തെ തുടര്‍ന്ന് റിസര്‍ ബാങ്കിനുണ്ടായ വര്‍ധിച്ച ചെലവുകളാണ് ഈ വിഹിതം കുറയാനിടയാക്കിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നവംബറില്‍ 1000, 500 രൂപാ നോട്ടുകല്‍ നിരോധിച്ചതിനെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ അച്ചടിക്കാനും അത് രാജ്യത്തുടനീളം ബാങ്കുകളിലെത്തിക്കാന്‍ റിസര്‍വ് ബാങ്കിന് ഭാരിച്ച ചെലവു വഹിക്കേണ്ടി വന്നിട്ടുണ്ട്. തിരിച്ചെത്താത്ത നിരോധിത നോട്ടുകളുടെ ബാധ്യത റിസര്‍വ് ബാങ്ക് തന്നെ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ മാസം ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തിരിച്ചെത്തിയ പണം ഇനിയും എണ്ണി തീര്‍ന്നിട്ടില്ലെന്നാണ് പാര്‍ലമെന്ററി സമിതിയെ അദ്ദേഹം കഴിഞ്ഞ മാസം അറിയിച്ചത്.  

ഇതിനു മുമ്പ് റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കിയ ഏറ്റവും കുറവ് വിഹിതം 2011-12 സാമ്പത്തിക വര്‍ഷമാണ്. അന്ന് 16,010 കോടി രൂപയായിരുന്നു സര്‍ക്കാരിന് ലഭിച്ചത്. തൊട്ടടുത്ത 2012-2013 വര്‍ഷം ഇത് 33,010 ആയി ഉയരുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം ജൂലൈയില്‍ തുടങ്ങി ജൂണിലാണ് അവസാനിക്കുക. കേന്ദ്ര ബാങ്കിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കും.

Latest News