ദുബായ്- ക്ലൗഡ് സീഡിംഗിലൂടെ രാജ്യത്തെ മഴത്തോത് വര്‍ധിപ്പിക്കുന്നതില്‍ വിജയം കണ്ടെത്തിയ യു.എ.ഇ, രാജ്യത്ത് വേനലിലും മഴ പെയ്യിക്കാനുള്ള സാധ്യത തേടുന്നു. മഴമേഘങ്ങളെ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. കൂടുതല്‍ രാസസംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ.
മേഘങ്ങളെക്കുറിച്ചു പഠിക്കാന്‍ 12 തവണ ശാസ്ത്രസംഘം വ്യോമദൗത്യം നടത്തി. ഗവേഷണങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ആശാവഹമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂണ്‍ജസ് പറഞ്ഞു. യു.എ.ഇയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മഴക്കാലം. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ ചില മേഖലകളില്‍ നേരിയതോതില്‍ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം.
ക്ലൗഡ് സീഡിംഗ് പദ്ധതി ഒന്നുകൂടി നവീകരിച്ചാല്‍ ഇതു സാധ്യമായേക്കാം. മഴമേഘങ്ങളില്‍ നിന്നു പരമാവധി മഴ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്.