ന്യൂദല്‍ഹി-റിപ്പബ്ലിക് ദിനത്തില്‍ അയല്‍ രാജ്യമായ നേപ്പാളിന് 30 ആംബുലന്‍സുകളും ആറ് ബസ്സുകളും സമ്മാനിച്ച് ഇന്ത്യ. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായാണ് ഇന്ത്യ ഈ സമ്മാനം നല്‍കിയത്. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിനുമുമ്പും രാജ്യം ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 700 ആംബുലന്‍സുകളും 100 ബസുകളുമാണ് നേരത്തെ നേപ്പാളിന് രാജ്യം സമ്മാനിച്ചത്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടത്തി.