ബെംഗളൂരു- മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു. ഇന്‍ഫാട്രി റോഡിലെ ശ്രീ എസ്എസ്ബിഎസ് ജെയ്ന്‍ സംഘ് ട്രസ്റ്റിന്റെ കീഴിലുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിടെയാണ് സംഭവം. സിദ്ധപ്പ എന്ന പതിനേഴുകാരനാണ് മരിച്ചത്. മാന്‍ഹോളിന് ഏറ്റവും അടിവശത്തേക്ക് കടന്ന സിദ്ധപ്പ വിഷപ്പുക ശ്വസിച്ചാണ് മരിച്ചത്. 600 രൂപ കൂലി ലഭിക്കുന്ന ജോലിയാണിത്.
ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ പുറത്തിറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും സിദ്ധപ്പയെ കാണാതായപ്പോള്‍ സംശയം തോന്നിയ കാരാറുകാരനായ മാരിയണ്ണന്‍ മാന്‍ഹോളില്‍ ഇറങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സിദ്ധപ്പയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളും പരിസരവാസികളും ചേര്‍ന്ന് സിദ്ധപ്പയെ പുറത്തെടുക്കുകയും ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. അതേസമയം മാലിന്യങ്ങള്‍ തള്ളുന്ന മാന്‍ഹോളല്ല ഇതെന്നും മഴവെള്ള സംഭരണിയാണെന്നുമാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. കരാറടിസ്ഥാനത്തിലാണ് ജോലി ഏല്‍പ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ കോമേഴ്ഷ്യല്‍ സ്ട്രീറ്റ് പൊലീസ് കേസെടുത്തു.