ചെന്നൈ-പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലും മനുഷ്യച്ചങ്ങല. റിപ്പബ്ലിക് ദിനത്തില്‍ സിഐടിയു പതിനാറാം അഖിലേന്ത്യ സമ്മേളനത്തിനിടെയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. റോയപേട്ട വൈഎംസിഎ മൈതാനത്തിന് മുന്നിലെ റോഡിലാണ് പ്രതിരോധ ചങ്ങല തീര്‍ത്തത്. രാവിലെ സമ്മേളന നഗരിയില്‍ അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത ദേശീയ പതാക ഉയര്‍ത്തി. ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞയും എടുത്തു. തുടര്‍ന്നാണ് ജനസാഗരം കണ്ണികള്‍ തീര്‍ത്തത്.
സിഐടിയു അഖിലേന്ത്യ നേതാക്കള്‍ക്കും സമ്മേളന പ്രതിനിധികള്‍ക്കും പുറമെ അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി വെങ്കട്ട് എന്നിവരും ചങ്ങലയില്‍ അണിനിരന്നു.
സിഐടിയു അഖിലേന്ത്യ സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബദല്‍ നയങ്ങള്‍ എന്ന വിഷയത്തില്‍ അനാദി സാഹു അധ്യക്ഷനായി. കെ ഹേമലത രേഖ അവതരിപ്പിച്ചു. തൊഴിലില്ലായ്മ എന്ന വിഷയത്തില്‍ മീനാക്ഷി സുന്ദരം അധ്യക്ഷനായി. എസ് ദേവ് റായ് രേഖ അവതരിപ്പിച്ചു. ലേബര്‍ കോഡ് വിഷയത്തില്‍ എളമരം കരീം അധ്യക്ഷനായി. ആര്‍ കരുമലയാന്‍ വിഷയം അവതരിപ്പിച്ചു. സാമൂഹിക അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തില്‍ എം എ ഗഫൂര്‍ അധ്യക്ഷനായി. എ ആര്‍ സിന്ധു വിഷയം അവതരിപ്പിച്ചു.