ന്യൂദല്‍ഹി-പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധം തുടരുന്ന ഷാഹിന്‍ബാഗ് ദല്‍ഹിയില്‍ പാടില്ലാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷാഹിന്‍ബാഗില്ലാത്ത ദല്‍ഹിക്കുവേണ്ടി ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ താമരക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
പൗരത്വ നിയമ ഭേദഗതിയെ അരവിന്ദ് കെജ്‌രിവാള്‍ എതിര്‍ക്കുന്നത് ലജ്ജാകരമാണ്. 2015ല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കെജ് രിവാള്‍ അധികാരം പിടിച്ചത്. പഞ്ചാബിലും വാരാണസിയിലും ഉണ്ടായത് പോലെ ദല്‍ഹിയിലും ഇത്തവണ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനികളെ കുറിച്ച് ആശങ്കപ്പെടുന്നവരാണ് ബിജെപിയെന്നാണ് കെജ് രിവാള്‍ പറയുന്നത്. ദല്‍ഹി ജനസംഖ്യയുടെ 30 ശതമാനവും വിഭജനത്തിന് ശേഷം പാക്കിസ്ഥാനില്‍നിന്ന് വന്നവരാണ്. വോട്ട് ബാങ്കിനെ കുറിച്ച് മാത്രമാണ് കെജ്‌രിവാളിന് ആശങ്ക. എന്നാല്‍ ദുരിതമനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പ്രധാനമന്ത്രി മോഡി സി.എ.എ കൊണ്ടുവന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.