തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരളത്തില്‍ ഇന്ന് മനുഷ്യ മഹാ ശൃംഖല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇടതുപക്ഷ ജനാതിപത്യ മുന്നണിയാണ് മനുഷ്യ മഹാ ശൃംഖലക്ക് നേതൃത്വം നല്‍കുന്നത്.
വൈകിട്ട് മൂന്നരക്ക് ഹേഴ്സല്‍ നടക്കും. നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് ശൃംഖലയില്‍ പങ്കെടുക്കുന്നവര്‍ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് 250 കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. അരക്കോടിയിലേറെപേര്‍ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
മുസ്ലിം ലീഗിനെ അടക്കം പിന്തുണ്ക്കുന്നവര്‍ എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയില്‍ അണിചേരാന്‍ സാധ്യതയുണ്ടെന്ന് മുന്നണി നേതൃത്വം അവകാശപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്‍ഡിഎഫ് ഇതിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. കാസര്‍കോട് സിപിഎം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള ഫ് ളാഗ് ഓഫ് ചെയ്യും. കളിയിക്കാവിളയില്‍ എം.എ.ബേബിയായിരിക്കും അവസാന കണ്ണി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരത്ത് പങ്കെടുക്കും.
620 കിലോമീറ്ററായിരിക്കും മനുഷ്യ മഹാ ശൃംഖല. ഏകദേശം 70 ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 70 ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ പ്രമുഖരും സാഹിത്യകാരന്‍മാരും സിനിമാ പ്രവര്‍ത്തകരും മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുക്കും.