Sorry, you need to enable JavaScript to visit this website.

ദേശീയ ഗുസ്തി താരം വിശാല്‍ കുമാറിന് ദാരുണാന്ത്യം; മരണം കളിക്കളത്തില്‍ നിന്ന് ഷോക്കേറ്റ് 

റാഞ്ചി- കനത്ത മഴയെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ കെട്ടിനിന്ന വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് ദേശീയ ഗുസ്തി താരം 25-കാരനായ വിശാല്‍ കുമാര്‍ ശര്‍മ ദാരുണമായി കൊല്ലപ്പെട്ടു. റാഞ്ചിയിലെ ജയ്പാല്‍ സിംഗ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മതിയായ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പഴകിയ സ്റ്റേഡിയത്തിലെ കെട്ടിടത്തിലുണ്ടായ വൈദ്യുതി തകരാറിനെ തുടര്‍ന്നാണ് പരിസരത്തു കെട്ടി നിന്ന വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നത്. 1978-ല്‍ നിര്‍മ്മിച്ച ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് ജാര്‍ഖണ്ഡ് സ്റ്റേറ്റ് റസലിംഗ് അസോസിയേഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും. ഏറ്റവും അവസാനം നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയ താരമാണ് വിശാല്‍ കുമാറെന്ന് കോച്ച് ഭോല്‍നാഥ് സിംഗ് പറഞ്ഞു. 

എതാനും ആഴ്ചകളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞിരുന്നു. വാട്ടര്‍ പമ്പുപയോഗിച്ച് ഈ വെള്ളം പുറത്തേക്ക് കളയാന്‍ ശ്രമിക്കവെയാണ് വിശാലിന് ഷോക്കേറ്റതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വയറിങ്ങിലെ തകരാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വൈദ്യൂതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വൈദ്യുതി വിതരണ സംവിധാനത്തില്‍ തകരാറില്ലെന്ന് വ്യക്തമാക്കി. കെട്ടിടത്തിനുള്ളിലെ വയറിംഗിലുണ്ടായ ലൂസ് കണക്ഷനാകാം അപകടക കാരണമെന്നും ജാര്‍ഖണ്ഡ് വൈദ്യുതി വിതരണ്‍ നിഗം ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഗണേഷ് ഝാ പറഞ്ഞു.    

Latest News