ന്യൂദൽഹി- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 48 മണിക്കൂർ നേരത്തേക്ക് തിവാരിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് കമ്മീഷൻ വിലക്കി. ശനിയാഴ്ച വൈകിട്ട് അഞ്ചു മുതലാണ് വിലക്ക് നിലവിൽ വന്നത്. മോഡൽ ടൗൺ നിയമസഭ മണ്ഡലത്തിൽനിന്നാണ് മിശ്ര മത്സരിക്കുന്നത്. ഷഹീൻ ബാഗിൽ സമരം നടത്തുന്നവർക്കെതിരെയാണ് മിശ്ര വർഗീയ പരാമർശം നടത്തിയത്. ഷഹീൻ ബാഗ് മിനി പാക്കിസ്ഥാനാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഈ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതിന് പുറമെ, മിശ്രയുടെ പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തു. ഷഹീൻ ബാഗ് വഴി പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കടക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ദൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാക് സംഘർഷം എന്ന നിലയിലും മിശ്ര പരാമർശിച്ചിരുന്നു. പെരുമാറ്റച്ചട്ടം മിശ്ര ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും മിശ്ര ആവർത്തിച്ചു.