ന്യൂയോര്‍ക്ക്- ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വിവാഹേതരബന്ധം ചോര്‍ന്നതെങ്ങിനെയെന്ന് വ്യക്തമാക്കി മാന്‍ഹാട്ടണിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ രംഗത്ത്. ബെസോസിന്റെ കാമുകി തന്റെ സഹോദരന് സ്വകാര്യ സന്ദേശങ്ങള്‍ കൈമാറിയതാണ് വിവരം ചോരാന്‍ വഴിയൊരുക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സ്വകാര്യ സന്ദേശങ്ങള്‍ സഹോദരന്‍ വാര്‍ത്ത പുറത്തുവിട്ട നാഷണല്‍ എന്‍ക്വയററിന് വിറ്റതാണെന്നാണ് വിവരം. ആമസോണ്‍ സ്ഥാപകന് അയച്ച സന്ദേശങ്ങളാണ് കാമുകി ലോറന്‍ സാഞ്ചെസിന്റെ ഫോണില്‍ നിന്നും സഹോദരന്‍ മൈക്കിള്‍ സാഞ്ചെസിന് ലഭിച്ചത്. 2018 മെയ് 10ന് അയച്ച ഈ സന്ദേശങ്ങളുടെ തെളിവ് ഉള്‍പ്പെടെയാണ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശങ്ങള്‍ പരിശോധിച്ചതിന് പുറമെ വാര്‍ത്ത ചോര്‍ത്താന്‍ എന്‍ക്വയററില്‍ നിന്ന് 200,000 ഡോളര്‍ വാങ്ങിയ മൈക്കിള്‍ സാഞ്ചസിന്റെ കരാറും ഇവര്‍ പരിശോധിച്ചു. ബെസോസിന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയും, ഫോണ്‍ ഹാക്ക് ചെയ്ത വിവരങ്ങളും പുറത്തുവിടുമെന്ന് എന്‍ക്വയറര്‍ ഭീഷണിപ്പെടുത്തിയിരുന്നതായുള്ള ബെസോസിന്റെ പരാതിയെത്തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളിലാണ് പുതിയ വിവരങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ലഭിച്ചത്.