അഹമ്മദാബാദ്- എസ്.എഫ്.ഐ യുടെ വിജയക്കുതിപ്പ് കേരളത്തിലോ ഏതാനും സംസ്ഥാനങ്ങളിലോ മാത്രമായി ഒതുങ്ങുന്നതല്ല. മോഡിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകത്തില്‍ വിജയക്കൊടി പാറിക്കുകകൂടി ചെയ്തതോടെ ആര്‍.എസ്.എസ് നേതൃത്വവും ഗൗരവമായാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. എ.ബി.വി.പി ഗുജറാത്ത് ഘടകത്തില്‍ ഒരു പൊളിച്ചെഴുത്ത് തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ സഖ്യം അട്ടിമറി വിജയം നേടിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എസ്.എഫ്.ഐ സഖ്യം വിജയിച്ചപ്പോള്‍ ഒറ്റ സീറ്റു പോലും എ.ബി.വി.പിക്ക് കിട്ടിയിട്ടില്ല. കാവിപ്പടയെ സംബന്ധിച്ച് അപ്രതീക്ഷിത പ്രഹരമാണിത്.
സി.പി.എമ്മിന് സംഘടനാപരമായി സ്വാധീനമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമാണ് എസ്.എഫ്.ഐ നടത്തി കൊണ്ടിരിക്കുന്നത്.രാജസ്ഥാനില്‍ 41 കോളജുകളിലാണ് ഇത്തവണ എസ്.എഫ്.ഐ അട്ടിമറി വിജയം നേടിയിരിക്കുന്നത്. ഇതില്‍ 23 കോളജുകളിലും എസ്.എഫ്.ഐ ഒറ്റക്കാണ് യൂണിയന്‍ ഭരിക്കുന്നത്. നിലവില്‍ ഡല്‍ഹി ജെ.എന്‍.യു, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവ ഭരിക്കുന്നത് എസ്.എഫ്.ഐ സഖ്യമാണ്.