ലഖ്‌നൗ-പൗരത്വ ഭേദഗതി നിയമം സിലബസില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ലഖ്‌നൗ സര്‍വകലാശാല. പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍വകലാശാല വകുപ്പ് മേധാവി ശശി ശുക്ല പറഞ്ഞു. നിലവില്‍ ഇത് സുപ്രധാന വിഷയമാണെന്നും എന്തുകൊണ്ട്, എന്തിന്, എങ്ങനെ പൗരത്വ നിയമം ഭേദഗതി ചെയ്തുവെന്ന് പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ശുക്ല പറഞ്ഞു. മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി ഇതിനെതിരെ രംഗത്തെത്തി. 'സിഎഎയ്ക്കു മേലുള്ള സംവാദം നല്ലതാണ്. പക്ഷെ, വിഷയം കോടതിയില്‍ ഇരിക്കേ ലഖ്‌നോ യൂണിവേഴ്‌സിറ്റി ഇത് സിലബസില്‍ കൊണ്ടുവന്നത് തികച്ചും തെറ്റാണ്' മായാവതി പറഞ്ഞു.
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് വിഷയം സിലബസില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല നീക്കം നടത്തുന്നത്.