Sorry, you need to enable JavaScript to visit this website.

കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശം; തെര. കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ട്വിറ്ററില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ദല്‍ഹി ചീഫ് ഇലക്ട്രറല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  ഫെബ്രുവരി എട്ടിനാണ് ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് കപില്‍ മിശ്ര വര്‍ഗീയ ചുവയുള്ള പോസ്റ്റ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. എട്ടാം തീയതി ദല്‍ഹി തെരുവുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുന്നു എന്നായിരുന്നു ട്വീറ്റ്.
ട്വീറ്റ് വര്‍ഗീയമായ ചേരിതിരിവ് ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയായിരുന്നു. സംഭവം വിവാദമായതോടെ, ട്വീറ്റില്‍ കപില്‍ മിശ്രയ്ക്ക് റിട്ടേണിംഗ് ഓഫീസര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന കപില്‍ മിശ്ര, കെജ്‌രിവാളിനോട് പിണങ്ങിയാണ് പാര്‍ട്ടി വിട്ടത്. പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

 

Latest News