റിയാദ് - മധ്യപൗരസ്ത്യ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകൾ അറബ് രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതക്കും സമാധാനത്തിനും ഭീഷണിയാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. സുരക്ഷാ ഭദ്രതയില്ലാത്ത മിഡിൽ ഈസ്റ്റ് എന്ന ശീർഷകത്തിൽ ദാവോസ് ഇക്കണോമിക് ഫോറത്തിൽ സംഘടിപ്പിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകളെ സൗദി അറേബ്യ നിരാകരിക്കുന്നു.
ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളിൽ ആശങ്കയുണ്ട്. ഇറാഖിലെയും ലെബനോനിലെയും ഇറാൻ സാന്നിധ്യത്തിനെതിരെ രണ്ടു രാജ്യങ്ങളിലും വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇറാഖുമായി അയൽപക്കബന്ധവും അടുപ്പവുമുള്ള സൗദി അറേബ്യ ഇറാഖിന്റെ സുരക്ഷാ ഭദ്രതക്ക് ഏറെ പ്രാധാന്യം നൽകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക സഹകരണങ്ങൾ ശക്തമാക്കുന്നതിന് പത്തു മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്.
ഇറാഖുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നന്നതിന് സൗദി അറേബ്യ ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ കൂടിയാലോചനകളുമായി മുന്നോട്ടുപോവുകയാണ്. യുദ്ധങ്ങൾക്കും സംഘർഷം മൂർഛിപ്പിക്കുന്നതിനും തങ്ങൾ എതിരാണെന്ന് എക്കാലവും സൗദി അറേബ്യ ഇറാഖികളോട് പറയുന്നു. ഇറാഖിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന് താൻ കരുതുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. സ്വന്തം വികസനത്തിന് ആവശ്യമായ വിഭവസമാഹരണത്തിന് ഇതുതന്നെ പര്യാപ്തമാണ്. ഇറാഖിന്റെ സ്വാതന്ത്ര്യവും ഇറാഖിലെ ഇറാൻ ഇടപെടലുകൾ അവസാനിക്കലും സൗദി അറേബ്യ ആഗ്രഹിക്കുന്നു.
ഇറാഖിന്റെ സമ്പത്ത് ഇറാൻ കൊള്ളയടിക്കുകയാണ്. ഇറാഖിൽ ആവശ്യത്തിലധികം ഇറാൻ ഉൽപന്നങ്ങൾ തള്ളുന്നു. തങ്ങളോടു മാത്രം കൂറുള്ള മിലീഷ്യകളെ ഇറാഖിൽ ഇറാൻ പോറ്റിവളർത്തുകയാണ്. സെപ്റ്റംബർ 14 ന് കിഴക്കൻ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച വസ്തുതാന്വേഷണം സൗദി അറേബ്യ തുടരുകയാണ്. യെമനിൽ നിഷേധാത്മക പ്രവർത്തനങ്ങളാണ് ഇറാൻ നടത്തുന്നത്. ബഹ്‌റൈനിലും വിധ്വംസക ശക്തികൾക്ക് ആയുധങ്ങളും മറ്റു സഹായങ്ങളും ഇറാൻ നൽകുന്നു.
മേഖലാ രാജ്യങ്ങളിലെ ശിയാക്കളെയെല്ലാം തങ്ങളുടെ താൽപര്യ സംരക്ഷണത്തിന് ഇറാൻ പ്രയോജനപ്പെടുത്തുകയാണ്. സ്വാഭാവിക രാജ്യമായി ഇറാൻ തിരിച്ചെത്തുന്ന പക്ഷം ഇറാനുമായുള്ള സൗദിയുടെ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് കഴിയും.
മേഖലയിൽ സംഘർഷം രൂക്ഷമാക്കുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. മേഖലയിൽ ഇറാനാണ് സംഘർഷം രൂക്ഷമാക്കിയത്. സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ നടത്തുന്ന മിസൈൽ ആക്രമണത്തിനു പിന്നിൽ ഇറാനാണ്. സദുദ്ദേശ്യം തെളിയിക്കുന്നതിന് 400 ഹൂത്തി ബന്ദികളെ സൗദി അറേബ്യ വിട്ടയച്ചിട്ടുണ്ട്.
മേഖലയിൽ നിന്ന് അമേരിക്കൻ സൈനികരെ പുറത്താക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ ഇപ്പോൾ സംഭവിച്ചത് ഇതിന് നേരെ വിപരീതമാണ്. സ്വന്തം ജനതയുടെ താൽപര്യങ്ങൾ ഇറാൻ ശ്രദ്ധിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുകയും വേണം. ഭീകരത സ്‌പോൺസർ ചെയ്യുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളും ഇറാൻ നിർത്തിവെക്കണമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു.
ലിബിയയിലെ വിദേശ ഇടപെടലുകൾ മേഖലയിൽ സംഘർഷം രൂക്ഷമാക്കും. ലിബിയയുടെ സുരക്ഷാ ഭദ്രതക്കും സമാധാനത്തിനും അറബ്, ലോക രാജ്യങ്ങളുമായി സൗദി അറേബ്യ സഹകരിച്ച് പ്രവർത്തിക്കുന്നു.
ലിബിയ പോലെ ഇത്രയധികം വിഭവങ്ങളും വളരെ കുറഞ്ഞ ജനസംഖ്യയുമുള്ള ഒരു രാജ്യത്തിന് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിന് ഇനിയും കഴിയാത്തതിൽ സൗദി അറേബ്യക്ക് ലജ്ജ തോന്നുന്നുണ്ടെന്നും ആദിൽ അൽജുബൈർ പറഞ്ഞു.