ചെന്നൈ- സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ നടന്‍ രജനീകാന്തിനെതിരെ ഫയല്‍ ചെയ്ത ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് കോടതിയില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചതിനെ ചോദ്യം ചെയ്താണ് ദ്രാവിഡ വിടുതലൈ കഴകം ഫയല്‍ ചെയ്ത ഹരജി തള്ളിയത്.
ശ്രീരാമന്റേയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി 1971ല്‍ സേലത്ത് പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമര്‍ശം.
താന്‍ വായിച്ച പത്ര വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു പ്രസ്താവനയെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു റാലി. ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു വിവാദ പരാമര്‍ശം.
പെരിയാറിനെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ മാപ്പുപറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.