ന്യൂദൽഹി- ഇന്ത്യയിൽനിന്ന് പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ പൗരത്വങ്ങൾ സ്വീകരിച്ച് രാജ്യം ഉപേക്ഷിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സമിതി രൂപീകരിച്ചു. അമിത്ഷാ അധ്യക്ഷനായ സമിതിക്കു പുറമെ, രണ്ട് ഉപസമിതികളും ഇതിനായി രൂപീകരിച്ചു.കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.
ഇന്ത്യയിൽ 9,400 ഇത്തരം സ്വത്തുക്കളാണ് വിറ്റഴിക്കാനായി ഉള്ളത്. 9,280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്. 'ശത്രുസ്വത്ത് നിയമ'പ്രകാരമാണ് ഇവ സർക്കാർ വിറ്റഴിക്കുക. ഇതുവഴി ലക്ഷം കോടിരൂപ സർക്കാരിനു ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.