ന്യൂദല്‍ഹി- ഇന്ത്യ വിട്ട് ചൈനയുടേയോ പാക്കിസ്ഥാന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ കണ്ടെത്തി വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ ഈ പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ശത്രുസ്വത്ത് നിയമപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിക്കുന്നത്.
പാക്കിസ്ഥാനിലേക്ക് പോയി പൗരത്വം എടുത്തവരുടെ 11,882 ഏക്കര്‍ ഭൂമി ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയുള്ളവരുടെ പേരില്‍ രാജ്യത്തെ 226 കമ്പനികളിലായി 2,610 കോടി രൂപയുടെ നിക്ഷേപമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളായിലായി 177 കോടി രൂപയുടെ നിക്ഷേപമുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
2016ലാണ് കേന്ദ്രം ശത്രുസ്വത്ത് നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്. ഇതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനും വേണ്ടിയാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.