ന്യൂദൽഹി- ട്വിറ്റർ എക്കൗണ്ടിൽനിന്ന് വർഗീയ പരാമർശം മാറ്റാൻ ബി.ജെ.പി നേതാവിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കപിൽ മിശ്രയോടാണ് ആവശ്യപ്പെട്ടത്. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെയും സമരം നടക്കുന്ന സ്ഥലത്തെ മിനി പാക്കിസ്ഥാനെന്നും വിശേഷിപ്പിച്ചതിനെതിരെയാണ് നടപടി. ദൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനർത്ഥി കൂടിയാണ് കപിൽ മിശ്ര. അങ്ങേയറ്റം എതിർക്കപ്പെടേണ്ടതും മതമൈത്രിക്ക് വിഘാതമുണ്ടാക്കുന്നതുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്ക് എതിരെ കഴിഞ്ഞദിവസമാണ് കപിൽ മിശ്ര രംഗത്തെത്തിയത്. ഷഹീൻ ബാഗ് പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയിലെ പ്രവേശനകവടമാണ് എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ദൽഹിയിലെ മറ്റ് പ്രക്ഷോഭകേന്ദ്രങ്ങൾക്കെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.