ബീജിംഗ്- ചൈനയില്‍ പുതിയ കൊറോണ വൈറസ് പടരുന്നത് തടയാന്‍ അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു. വൈറസ് പ്രത്യക്ഷപ്പെട്ട വുഹാനു പിന്നാലെ ഹുബെയ് പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയിലാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എട്ടു നഗരങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. മരണസംഖ്യ 25 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രത്യേക കാരണമില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതര്‍ കര്‍ശനനനിര്‍ദേശം നല്‍കി. അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോകുന്നവരെ പരിശോധിക്കുന്നുണ്ട്. രണ്ടരക്കോടി ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. അവശ്യവസ്തുക്കളെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹുബെയ് പ്രവിശ്യയില്‍ വിവിധ സ്ഥലങ്ങളില്‍ ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സഹായത്തിനായി ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈനുകള്‍ ഏര്‍പ്പെടുത്തി. ഭക്ഷണസാധനങ്ങള്‍ എത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനിടെ, സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍നിന്നെത്തിയ 66 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.