Sorry, you need to enable JavaScript to visit this website.

സെമി ഹൈസ്പീഡ് റെയിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുന്നു 

തിരുവനന്തപുരം - സെമി ഹൈസ്പീഡ് റെയിൽ ലൈനിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരു മാനിച്ചു.
സാധ്യതാ പഠന റിപ്പോർട്ട് പ്രകാരം 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ, നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത് റെയിൽവേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഉദ്ദേശം 200 ഹെക്ടർ ഭൂമി ഈ നിലയിൽ ലഭിക്കും. ബാക്കി ഏറ്റെടുത്താൽ മതി. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ലാന്റ് അക്വസിഷൻ സെല്ലുകൾ ഉടനെ ആരംഭിക്കും.

ഇന്ത്യൻ റെയിൽവേക്കും സംസ്ഥാന സർക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ് 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര ധനകാര്യ ഏജൻസികളിൽ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുക. ജർമ്മൻ ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജൈക്ക) എന്നിവയുമായി വായ്പ സം ബന്ധിച്ച് ചർച്ച നടക്കുകയാണ്. നിർദിഷ്ട സെമി ഹൈസ്പീഡ് റെയിലിലൂടെ ഓടുന്ന വണ്ടികളുടെ വേഗം 200 കി.മീറ്റർ എന്നത് റെയിൽവേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിലും നാല് മണിക്കൂർ കൊണ്ട് കാസർകോട്ടും എത്താൻ കഴിയും. 532 കി.മീറ്ററാണ് പാതയുടെ മൊത്തം നീളം. പാതയുടെ ആകാശ സർവെയും ട്രാഫിക് സർവെയും പൂർത്തിയായി. 2020 മാർച്ചിൽ അലൈൻമെന്റിന് അവസാന രൂപമാകും. ഈ വർഷം തന്നെ നിർമാണം ആരംഭിക്കാനും 2024 ൽ പൂർത്തിയാക്കാനുമാണ് ലക്ഷ്യം. 


തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ പത്ത് സ്റ്റേഷനുകളാണുണ്ടാവുക. ട്രെയിൻ കോച്ചുകൾക്ക് ആഗോള നിലവാരമുണ്ടാകും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും മികച്ചതായിരിക്കും. സെമി ഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമായാൽ റോഡുകളിലെ തിരക്ക് കുറയ് ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ദിവസം 7500 കാറുകളെങ്കിലും റോഡിൽ ഇറങ്ങില്ല. അഞ്ഞൂറോളം ചരക്കു ലോറികൾ റെയിൽ മാർഗ്ഗമുള്ള ചരക്കു നീക്കത്തിലേക്ക് മാറും. ദേശീയ പാതകളിലെ അപകടം കുറയ്ക്കാൻ ഇതുകൊണ്ടു കഴിയും. 
സൗരോർജം പോ ലുള്ള ഹരിതോർജം ഉപയോഗിച്ച് ട്രെയിൻ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ പാതയുടെ നിർമാണ ഘട്ടത്തിൽ വർഷം അരലക്ഷം പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. പദ്ധതി പൂർത്തിയായാൽ ഉദ്ദേശം പരോക്ഷ തൊഴിൽ ഉൾപ്പെടെ 11,000 പേർക്ക് ജോലി ലഭിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ചീഫ്‌സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡി വി. അജിത് കുമാർ തുടങ്ങിയവർ യോഗ ത്തിൽ പങ്കെടുത്തു.


 

Latest News