ക്വാലാലംപൂർ- ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര ഇറക്കുമതി വര്‍ദ്ധിപ്പിക്കുമെന്ന് മലേഷ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ പഞ്ചസാര ശുദ്ധീകരണ കേന്ദ്രം അറിയിച്ചു. പാം ഓയിൽ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയുമായുള്ള പോര് ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് റൊയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എംഎസ്‌എം മലേഷ്യ ഹോൾഡിംഗ്സ് ബെർഹാദ് (എംഎസ്‌എംഎച്ച്കെഎൽ) ഈ വര്‍ഷം ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്ന് 130,000 ടൺ അസംസ്കൃത പഞ്ചസാര വാങ്ങും. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ മലേഷ്യ ഇറക്കുമതി ചെയ്തതിനേക്കാള്‍ 48 ശതമാനം അധികമാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്. 88,000 ടൺ അസംസ്കൃത പഞ്ചസാരയാണ് കഴിഞ്ഞ വര്‍ഷം വാങ്ങിയത്.
ലോകത്തെ ഏറ്റവും വലിയ പാം ഓയിൽ നിർമ്മാതാക്കളായ എഫ്‌ജിവി ഹോൾഡിംഗ്സിന്റെ പഞ്ചസാര ശുദ്ധീകരണ വിഭാഗമാണ് എംഎസ്എം. മലേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഫെഡറൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തുലുള്ള സ്ഥാപനമാണ് ഇത്.
പാം ഓയിൽ ഇറക്കുമതിയെ ചൊല്ലിയുള്ള തര്‍ക്കമാണ് പഞ്ചസാര ഇറക്കുമതി വദ്ധിപ്പിക്കാന്‍ കാരണമായതായി കമ്പനി പറയുന്നില്ല. എന്നാൽ 'ഇത് ഇന്ത്യയെ അനുനയിപ്പിക്കാനുള്ള ശ്രമമാണെന്ന്' ഇറക്കുമതി സംബന്ധിച്ച് കമ്പനിയും സർക്കാരും തമ്മിലുള്ള ചർച്ചകളെകുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.