കോഴിക്കോട്- അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിയുടെ നിലപാട് പ്രതീക്ഷ നൽകുന്നതെന്ന് അലന്റെ അമ്മ സബിത. പ്രവർത്തകരുടെ വികാരമാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും സബിത ശേഖർ പറഞ്ഞു. പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സി.പി.എം അംഗങ്ങൾ തന്നെയെന്നും ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമായിരുന്നു പി മോഹനന്റെ പ്രതികരണം.
ജയിലിലായതിനാൽ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി. മോഹനൻ വ്യക്തമാക്കി. ഇരുവരും മാവോയിസത്തിൻറെ സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ. അത്തരം സ്വാധീനത്തിൽ പെട്ട് പോയിട്ടുണ്ടോ എന്ന് സി.പി.എം ഇപ്പോഴും പരിശോധിച്ചു വരികയാണെന്നും പി മോഹനൻ പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞത്. ചായ കുടിക്കാൻ പോയപ്പോഴല്ല അവരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വൻ വിവാദമായിരുന്നു.