ന്യൂദല്‍ഹി-ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റപ്പെടുന്ന നാല് നിര്‍ഭയ കേസ് പ്രതികള്‍ തങ്ങളുടെ കുടുംബത്തെ അവസാനമായി കാണുന്നതിനോ സ്വത്ത് കൈമാറുന്നതിനോ ഉള്ള അന്വേഷണങ്ങള്‍ക്ക് ഇനിയും മറുപടി നല്‍കിയിട്ടില്ലെന്ന് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
അവസാനമായി ഏത് കുടുംബാംഗത്തെ കാണണമെന്ന് തീരുമാനിക്കാന്‍ വധശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികള്‍ക്ക് അനുവാദമുണ്ട്. കുറ്റവാളികള്‍ അവരുടെ സ്വത്ത് ആര്‍ക്കെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാം. ഈ രണ്ടു കാര്യങ്ങളിലും പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ മൗനം പാലിക്കുകയാണ്. കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍ മറുപടി നല്‍കാത്തതെന്ന് ജയില്‍ വൃത്തങങ്ങള്‍ കരുതുന്നു.
പ്രതികള്‍ അവസാന മണിക്കൂറുകളില്‍ നല്‍കിയ ഹരജികളെ തുടര്‍ന്നാണ് ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിയിലേക്ക് മാറ്റിയത്.
2012ല്‍ 23 കാരി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് വൈകുന്നതില്‍ പ്രതിഷേധിക്കുന്നവരില്‍ നിര്‍ഭയയുടെ കുടുംബാംഗങ്ങളുമുണ്ട്.