പത്തനംതിട്ട- പത്തനംതിട്ട നഗരത്തിൽ ഭീതി വിതച്ച് ഓടിയ പേപ്പട്ടി 21 പേരെ കടിച്ചു പരിക്കേൽപിച്ചു. കടിച്ചത് മാരക പേവിഷമുള്ള പട്ടിയെന്ന് ഡോക്ടർമാർ സംശയമുന്നയിച്ചതോടെ ജനങ്ങളുടെ ഭീതിയും ഇരട്ടിച്ചു.
കടിയേറ്റ മിക്കവരിലും ആഴത്തിൽ മുറിവേറ്റു. കൈയിലും കാലിലും രക്തം വാർന്നൊഴുകിയ നിലയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. പേപ്പട്ടി കടിയേറ്റവർ ഒന്നിനു പിറകേ ഒന്നായി ഓടിയെത്തിയതോടെ ജനറൽ ആശുപത്രി കാഷ്വാലിറ്റി നിറഞ്ഞു കവിഞ്ഞു.
21 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അഞ്ചര മണിക്കൂറോളം നഗരത്തെ വിറപ്പിച്ച പട്ടിയെ അബാൻ ജംഗ്ഷനിൽ വെച്ച് പിടികൂടി തല്ലിക്കൊന്നു. പൊക്കം കുറഞ്ഞ കറുത്ത പട്ടിയാണ് ആക്രമിച്ചതെന്ന് കടിയേറ്റവർ പറഞ്ഞു. കാല്, മുതുക്, കയ്യ്, നെഞ്ച്, മുഖം എന്നീ ഭാഗങ്ങളിലാണ് പലർക്കും കടിയേറ്റത്.
പ്രമാടം ഭാഗത്ത് നിന്ന് ഓടിവന്ന പട്ടിയാണ് വഴിയിൽ കണ്ടവരെയെല്ലാം കടിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ പ്രമാടത്തെ വീടിന് മുന്നിൽ നടക്കുകയായിരുന്ന വെളുന്തറ പുത്തൻവീട്ടിൽ ഓമനയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നിലൂടെ വന്ന പട്ടി കടിച്ചതിനെ തുടർന്ന് നിലത്തു വീണ ഓമനയുടെ മേൽച്ചുണ്ടിലും കടിച്ചു. നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പട്ടിയെ അകറ്റുകയായിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓമനയ്ക്ക് ചികിത്സ നടത്തിക്കൊണ്ടിരുന്നപ്പോഴേക്കും കടിയേറ്റവർ ഓരോരുത്തരായി എത്തി. ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ കടിയേറ്റ് എത്തിയവരുടെ എണ്ണം 21 ആയി.
പേപ്പട്ടി നിരവധി ആളുകളെ കടിച്ചുവെന്ന ഭീതി നഗരത്തിൽ കാട്ടുതീ പോലെ പടർന്നു. ഒന്നുമറിയാതെ നഗരത്തിലൂടെ നടന്നു പോയവർക്കാണ് കൂടുതലായി കടി കിട്ടിയത്. ഇതിനിടെ, പട്ടിയെ കണ്ടുപിടിച്ച് തല്ലിക്കൊല്ലാൻ യുവാക്കളുടെ സംഘം ഇറങ്ങിയിരുന്നു. ഒടുവിൽ, പന്ത്രണ്ടരയോടെ അബാൻ ജംഗ്ഷനിൽ വെച്ച് പട്ടിയെ തല്ലിക്കൊന്നു.
മുറിവുകളിലൂടെ രക്തം ഒഴുകിയതിനാൽ മാരക പേ വിഷമുളള നായയാണ് കടിച്ചതെന്ന നിഗമനത്തിലാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതെന്ന് ജനറൽ ആശുപത്രി ഡി.എം.ഒ ഡോ.ആശിഷ് മോഹൻകുമാർ പറഞ്ഞു. കടിച്ച പട്ടിയുടെ തലയിലെ രാസ പരിശോധനയിൽ നിന്നു മാത്രമേ പേ വിഷത്തിന്റെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ.
കടിയേറ്റവരിൽ പേ വിഷബാധയുണ്ടാകാതിരിക്കാൻ ഐ.ഡി.ആർ വാക്‌സിനും ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബിനും കുത്തിവെച്ചു. ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് പ്രതിരോധ മരുന്നുകൾ കരുതിയിരുന്നതിനാൽ കടിയേറ്റ എല്ലാവർക്കും ചികിത്സ നൽകാൻ കഴിഞ്ഞു. ജില്ലയിലെ എല്ലാ ആശുപത്രികളിലും വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ വ്യക്തമാക്കി.
സുരേഷ് (40) വേലുപറമ്പിൽ കോട്ടയം, സുമി(30) അഭിനവം കുമ്പഴ, ബാലകൃഷ്ണൻ (77) പറയിരിക്കുന്നതിൽ അങ്ങാടിക്കൽ കൊടുമൺ, സന്ദീപ് തടത്തിൽ തോന്ന്യാമല, റജി (49) ഓലിപ്പാറത്തടത്തിൽ താഴം മലയാലപ്പുഴ, കബീർ (65) മന്നത്ത് കോളനി പന്തളം, ജസി (44) മുളന്തറ കടമ്മനിട്ട, ജങ്കു (25) അസം സ്വദേശി, ശാന്ത (57) ഇടപ്പുരയിൽ ഊന്നുകൽ, ദിവാൻ (40) തമിഴ്‌നാട് സ്വദേശി, രാജൻ (59) തോട്ടുപുറത്ത് വെട്ടിപ്രം, അജിത്ത് (24) മണ്ടേത്ത് മേലുകര കോഴഞ്ചേരി, ഗീതു (26) കാരംകുന്നിൽ മേലേതിൽ ഞക്കുനിലം, നാരായണി (52) കുന്നത്ത് വെട്ടിപ്രം, ചിത്ര (33) ശ്രീഭവൻ കാഞ്ഞിരവേലി ആറൻമുള, ജിജിമോൻ കുന്നുംപുറത്ത് തണ്ണിത്തോട്, മീരാൻ (62) വലിയപറമ്പിൽ കുലശേഖരപേട്ട, മിഥുൻകുമാർ (23) മഡൂർ ഇളകൊളളൂർ, ജാനകി (55) ആങ്കൂരേത്ത് മീൻകുഴി, രാജേഷ് (32) മുട്ടത്തുവിളയിൽ വെട്ടിപ്രം, ഓമന (72) വെളുന്തറ പുത്തൻവീട് പ്രമാടം എന്നിവർക്കാണ് കടിയേറ്റത്.