ന്യൂദൽഹി- നേപ്പാളിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നേപ്പാൾ ടൂറിസം വകുപ്പ് സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. എംബാം ചെയ്ത മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
കാഠ്മണ്ഡുവിലെ ത്രിഭുവൻ ടീച്ചിംഗ് ആശുപത്രിയിൽ ഇന്നലെ രാവിലെ 11ന് ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിട്ടു നാലു മണിയോടെയാണ് പൂർത്തിയായത്. ഇന്ത്യൻ എംബസിയിലെ ഡോക്ടറും പോസ്റ്റുമോർട്ടം നടപടികളുടെ ഭാഗമായി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ത്യ രേഖാമൂലം ആവശ്യപ്പെടും. എംബാം ചെയ്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു കാഠ്മണ്ഡുവിൽ നിന്നുള്ള വിമാനങ്ങളിൽ ദൽഹിയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരൻ അറിയിച്ചു.
കാഠ്മണ്ഡുവിൽനിന്ന് രാവിലേയും ഉച്ചക്കുമുള്ള വിമാനങ്ങളിലാണ് മൃതദേഹങ്ങൾ ദൽഹിയിലെത്തിക്കുന്നത്. രാത്രിയോടെ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്തെത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺകുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരാണ് നേപ്പാളിലെ റിസോർട്ടിൽ റൂം ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ചത്.
പോലീസ് അന്വേഷണത്തിന് പുറമേയാണ് നേപ്പാൾ ടൂറിസം മന്ത്രാലയവും പ്രത്യേക അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുള്ളത്. പുറത്ത് ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റർ റൂമിലേക്ക് നൽകിയത് അടക്കമുള്ള കാര്യങ്ങൾ പ്രത്യേക സമിതി അന്വേഷിക്കും.നേപ്പാളിലെ ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ താമസിക്കവേയാണ് റൂം ഹീറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് നാലു കുട്ടികൾ ഉൾപ്പടെ എട്ടു പേർ മരിച്ചത്. റിസോർട്ട് മാനേജർ കെ.സി ശിവൻ പറയുന്നത് അനുസരിച്ച് യാത്രാ സംഘം തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കാണ് റിസോർട്ടിൽ എത്തിയത്. നാലു മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു എങ്കിലും എട്ട് പേർ ഒരു മുറിയിൽ തന്നെ തങ്ങുകയായിരുന്നു. ബാക്കിയുള്ളവർ മറ്റു മുറികളിലും തങ്ങി.
എട്ടു പേർ തങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളും അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.