ന്യൂദല്‍ഹി- സമയം വരുമ്പോള്‍ എല്ലാ ഉദ്യാനങ്ങളും സമരവേദികളായി മാറുമെന്ന മുന്നറിയിപ്പുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വനിതകളുടെ അനിശ്ചിത കാല സമരം തുടരുന്ന ദല്‍ഹി ഷഹീന്‍ ബാഗിലെ സമരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്. വൈകുന്നേരം ഷഹീന്‍ ബാഗിലെ സമരപ്പന്തലില്‍ എത്തുമെന്ന് രാവിലെ തന്നെ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിക്ക് എതിരാണ് എന്നു പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ മാത്രമല്ല ദളിതര്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും എതിരാണെന്നും ഇതു മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതാണെന്നു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. എന്‍.ആര്‍.സി, എന്‍.പി.ആര്‍, സി.എ.എ എന്നിവ പൂര്‍ണമായും ദളിത് വിരുദ്ധ നടപടികളാണ്. അത് മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ഗോത്ര വര്‍ഗങ്ങള്‍ക്കും എതിരാണ്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ ഏറ്റവുമധികം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നത് ഈ വിഭാഗങ്ങളാണെന്നും ജയില്‍ മോചിതനായ ശേഷം നല്‍കിയ ആദ്യ അഭിമുഖത്തില്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത് നിയമത്തില്‍നിന്നു പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്നാണ്. രാജ്യത്തെ വിഭജിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഭീം ആര്‍മി നേതാവ് പറഞ്ഞു.
ഫെബ്രുവരി എട്ടിന് ദല്‍ഹിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആഹ്വാനം ചെയ്തു. എന്നാല്‍, തന്റെ ലക്ഷ്യം രാഷ്ട്രീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്ക് എതിരേ നില്‍ക്കുന്നത് ബി.ജെ.പി ഭരണഘടനക്ക്് എതിരേ നില്‍ക്കുന്നത് കൊണ്ടാണ്. കോണ്‍ഗ്രസിന് ബി.ജെ.പിയുമായി വളരെയധികം സാമ്യങ്ങളുണ്ട്. അവര്‍ എക്കാലത്തും ദളിത് വിഭാഗത്തെ വെറും വോട്ട് ബാങ്ക് മാത്രമായാണ് കണ്ടിരിക്കുന്നതെന്നും ആസാദ് ആരോപിച്ചു.
താന്‍ അറസ്റ്റിലായ കഴിഞ്ഞ ഡിസംബര്‍ 21 ന് ജുമാ മസ്ജിദ് പരിസരത്ത് ഒരു തരത്തിലുള്ള അക്രമങ്ങളും നടന്നിട്ടില്ല. അവിടെനിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് മാത്രമാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. താന്‍ പൂര്‍ണമായും അക്രമത്തിന് എതിരാണ്. അക്രമം പോരാട്ടത്തിന്റെ യഥാര്‍ഥ വീര്യം ചോര്‍ത്തിക്കളയുമെന്നും ആസാദ് വ്യക്തമാക്കി. അന്ന് താന്‍ ചെയ്തു എന്ന് പറയുന്ന ഏക ആരോപണം ഭരണഘടനയുടെ ആമുഖം വായിച്ചു എന്നുള്ളതാണ്. ഭരണഘടനയുടെ സുരക്ഷിതത്വം തന്നെ അപകടത്തിലാണെന്നു ഭയക്കുന്നു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം തന്നെ ഹനിക്കപ്പെടുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി.