ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണെന്നും എന്നാല്‍ അവര്‍ തെറ്റായ ദിശയിലേക്ക് ചിലപ്പോള്‍ നയിക്കപ്പെടുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ജമ്മു കശ്മീരിലെ കുട്ടികള്‍ ദേശീയവാദികളാണ്. അവരെ മറ്റൊരു രീതിയില്‍ കാണരുത്. പക്ഷേ ചിലപ്പോള്‍ ആളുകള്‍ അവര്‍ക്ക് ശരിയായ രീതിയിലല്ല പ്രചോദനം നല്‍കുന്നത്. തന്നെയുമല്ല അവരെ തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവരാകണം അതിന്റെ ഉത്തരവാദികള്‍. അല്ലാതെ കുട്ടികളെയോ ചെറുപ്പക്കാരെയോ കുറ്റപ്പെടുത്തരുത്.
കശ്മീരിലെ ചെറുപ്പക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പത്തുവയസ്സ് പ്രായമുള്ളവര്‍പോലും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ അഭിപ്രായ പ്രകടനം.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ താമസിക്കുന്നവരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുപറഞ്ഞപ്പോള്‍ സായുധ സേനയില്‍ വിശ്വാസമര്‍പ്പിക്കാനായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്. 'വിഷമിക്കേണ്ട, നമ്മുടെ അതിര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടുന്നിടത്തോളം കാലം സായുധ സേനയില്‍ നിങ്ങള്‍ വിശ്വാസമര്‍പ്പിക്കുക. ഒരു രാജ്യത്തിനും ഇന്ത്യക്ക് നേരെ ദൃഷ്ടികള്‍ ഉയര്‍ത്താനുള്ള ധൈര്യമില്ല.' -അദ്ദേഹം പറഞ്ഞു.