മസ്‌കത്ത് - ഒമാനിലെ വിദേശനയങ്ങളില്‍ മാറ്റമില്ലെന്നും അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് പിന്തുടര്‍ന്ന നയങ്ങള്‍ തുടര്‍ന്നും പാലിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രി (എംഒസിഐ) അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. ഒമാനില്‍ വാറ്റ് നികുതി 2021 ല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമേറ്റ ശേഷം ഒമാനോടും ലോകത്തോടുമുള്ള ആദ്യ പ്രസ്താവനയില്‍ ഇക്കാര്യം പുതിയ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിക് വ്യക്തമാക്കിയിട്ടുണ്ട്. ലോകവും ഒമാനുമായുള്ള ബന്ധത്തെ സുല്‍ത്താന്‍ ഖാബൂസിന്റെ അസാന്നിധ്യം ബാധിക്കില്ല. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തി സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയോടുള്ള ഒമാന്റെ പ്രതിബദ്ധതയെക്കുറിച്ച് സുല്‍ത്താന്‍ ഹൈഥമിന് സുവ്യക്തമായ ധാരണയുണ്ട്. മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ലോകസമാധാനത്തിനും ഞങ്ങള്‍ സംഭാവന നല്‍കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ”