കോഴിക്കോട്- പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളെ ശ്രദ്ധേയമാക്കുന്നത് അവയിലെ വന്‍ സ്ത്രീ സാന്നിധ്യമാണ്. ജാമിഅയിലെ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങിയത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി. കണ്ണൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയതും രണ്ട് മുസ്ലിം വനിതകളാണ്. ദല്‍ഹി ഷഹിന്‍ ബാഗിലടക്കം സമരം നയിക്കുന്നത് ഉശിരുളള ആയിരക്കണക്കിന് പെണ്ണുങ്ങളാണ്. മുസ്ലിം സമുദായത്തില്‍ നിന്നും സ്ത്രീകളുടെ വലിയ പങ്കാളിത്തം പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലുണ്ടെന്നത് എടുത്ത് പറയേണ്ടതാണ്. അതിനിടെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സമസ്ത കേരള സുന്നി യുവജന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്. മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ പുരുഷ•ാര്‍ക്കൊപ്പം സ്ത്രീകളെ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. മുസ്ലിം വനിതകളും നടുറോഡിലെ പ്രകടനങ്ങളും എന്ന തലക്കെട്ടിലാണ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഇത്തരം പോസ്റ്റുകള്‍ അനാവശ്യമാണെന്ന പ്രതികരണവും സോഷ്യല്‍ മീഡിയയിലുണ്ട്.