ന്യുദല്‍ഹി- ഭീകരസംഘടനയായ അല്‍ ഖാഇദയ്ക്കു വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കപ്പെടുന്ന തീവ്രവാദി സെയ്ദ് മുഹമ്മദ് സീശാനെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൗദിയില്‍ നിന്നും പിടികൂടി ഇന്ത്യയിലെത്തിച്ചു. സൗദിയിലിരുന്ന് ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ചരടുവലി നടത്തിയിരുന്ന സീശാന്‍ നേരത്തെ തന്നെ ദല്‍ഹി പോലീസിന്റെ തവ്രവാദ വിരുദ്ധ വിഭാഗമായ സ്‌പെഷ്യല്‍ സെല്ലിന്റെ വലയിലായിരുന്നു. 2016 മുതല്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ടായിരുന്നു.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്വദേശിയായ സീശാനെ സൗദി അധികൃതരുടെ സഹായത്തോടെ പിടികൂടി ഇന്ത്യയിലെത്തിച്ച വിവരം ബുധനാഴ്ച രാത്രിയാണ് പോലീസ് പുറത്തു വിട്ടത്. അല്‍ ഖഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരി 2014-ല്‍ പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയതായി വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം രഹസ്യാന്വേഷണ വിഭാഗം ഉത്തര്‍ പ്രദേശില്‍ നിന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
സീശാന്റെ ബന്ധുക്കള്‍ക്കും പല ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. 2007-ലെ ബ്രിട്ടനിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ കഫീല്‍ അഹമ്മദ് സീശാന്റെ ഭാര്യയുടെ ബന്ധുവാണ്. സീശാന്റെ സഹോദരന്‍ സെയ്ദ് മുഹമ്മദ് അര്‍ശിയാനും തീവ്രവാദ ബന്ധമുള്ളതായി പോലീസ് ആരോപിക്കുന്നുണ്ട്. ഇദ്ദേഹത്തേയും അവസാനമായി സൗദിയില്‍ കണ്ടതായി പോലീസ് പറയുന്നു.