ബേണ്‍- ആഗോള സാങ്കേതിക വ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിച്ച് നേരത്തെ നാദെല്ല രംഗത്തെത്തിയിരുന്നു.
ഓരോ രാജ്യവും അവരുടെ ദേശീയ താൽപ്പര്യത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുകയാണ്, ഗവൺമെന്റുകൾ ആ പ്രബുദ്ധത നിലനിർത്തണം, ഇക്കാര്യത്തില്‍ വളരെ സങ്കുചിതമായി ചിന്തിക്കേണ്ടതില്ല, കുടിയേറ്റ സൗഹൃദ രാജ്യമാണെന്ന് അറിയുമ്പോൾ മാത്രമേ ആളുകൾ അവിടേക്ക് വരൂ - നാദെല്ല പറഞ്ഞു.
എന്നിരുന്നാലും തനിക്ക് പ്രതീക്ഷയുണ്ട്. രാഷ്ട്രനിർമ്മാണത്തിന്റെ 70 വർഷത്തെ ചരിത്രമുണ്ട് ഇന്ത്യയ്ക്ക്, ഇത് വളരെ ശക്തമായ അടിത്തറയാണെന്ന് ഞാൻ കരുതുന്നു. ഞാൻ ആ രാജ്യത്താണ് വളർന്നത്. ആ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു. ആ അനുഭവം എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.