ന്യൂദൽഹി- ഇന്ത്യ മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും തുല്യമായാണ് ഇന്ത്യ കാണുന്നതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതുകൊണ്ടാണ് ഇന്ത്യ മതേതര രാഷ്ട്രമായി തുടരുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഒരു മതത്തോടും ഇന്ത്യ പക്ഷപാതം കാണിക്കില്ല. പാക്കിസ്ഥാൻ അവർക്ക് ഔദ്യോഗിക മതമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.സി.സിയുടെ റിപ്പബ്ലിക് ഡേ ക്യാംപിൽ സംസാരിക്കുകയായരുന്നു പ്രതിരോധമന്ത്രി. അമേരിക്ക പോലും ഒരു മതരാഷ്ട്രമാണ്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. നമ്മുടെ സന്യാസിവര്യന്മാർ രാജ്യത്തിനകത്തുള്ളവരെ മാത്രമല്ല ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കണ്ടത്, ഈ ലോകത്ത് ജീവിക്കുന്ന എല്ലാവരെയും ഒരു കുടുംബമായാണ് അവർ പരിഗണിച്ചത്. രാജ്യത്തിന്റെ മതം ഹിന്ദുവെന്നോ സിഖെന്നോ ബുദ്ധമതമെന്നോ ഇന്ത്യ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടാണ് എല്ലാ മതത്തിലും പെട്ട ആളുകൾക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നത്. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന് സൂചിപ്പിക്കുന്ന വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം നമുക്ക് ലഭിച്ചു. ഇവിടെ നിന്നാണ് ഈ സന്ദേശം എല്ലായിടത്തും എത്തിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.