തിരുവനന്തപുരം- കേരള സർക്കാരിന്റെ തരംതാഴ്ത്തലുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്.
ഇത് തരംതാഴ്ത്തലല്ല തരം തിരിക്കലാണെന്നും എസ്.ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ലെന്നും എസ്.ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റല്ലേയെന്നും ജേക്കബ്ബ് തോമസ് ചോദിച്ചു. ഇത് താഴ്ത്തൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. തരം തിരിക്കലാണ്. സർക്കാർ ചില തീരുമാനങ്ങൾ എടുക്കുന്നു. അത് നടപ്പാക്കുന്നു. നമ്മൾ പൗരന്മാർ എന്തുചെയ്യും. നടപടിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ല. അതിൽ ഒപ്പിടുന്നത് ആരാണെന്ന് നോക്കാം. മാത്രമല്ല, പൊലീസ് വകുപ്പിൽ എസ്.ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റാണ്. അതിലേക്ക് എന്നെ പോസ്റ്റ് ചെയ്താലും എനിക്ക് വളരെ ഇഷ്ടമായിരിക്കും. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ അത്ര സുഖകരമായ അവസ്ഥ അല്ലല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഡി.ജി.പി. റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എ.ഡി.ജി.പി.യാക്കിയാണ് തരംതാഴ്ത്തിയത്. നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചാണ് സർക്കാർ നടപടി. വിവിധ കേസുകളിൽ പെടുന്നതും തരംതാഴ്ത്തലിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓൾ ഇന്ത്യ സർവീസ് റൂൾ അനുസരിച്ചാണ് തരംതാഴ്ത്തൽ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. മെയ് 31ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്. സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാൻ എ.ഡി.ജി.പി.യായിട്ടായിരിക്കും വിരമിക്കേണ്ടി വരിക.