ന്യൂദൽഹി- ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഒരു മാസത്തേക്ക് ദൽഹിയിൽ പ്രവേശിക്കുന്നതിൽനിന്ന് ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കി. ആസാദിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഒരു ആരോപണവും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദൽഹി കോടതിയുടെ ഉത്തരവ്. തന്റെ സന്ദർശനത്തെ പറ്റിയും പരിപാടികളെ സംബന്ധിച്ചും ഡി.സി.പി(ക്രൈം)ക്ക് നേരത്തെ തന്നെ വിവരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സൂചിപ്പിച്ച അതേ വിലാസത്തിൽ തന്നെയായിരിക്കണം ദൽഹിയിലുണ്ടാകുമ്പോൾ താമസിക്കേണ്ടത് എന്നും കോടതി നിർദ്ദേശിച്ചു.
നേരത്തെ ചികിത്സക്കല്ലാതെ ദൽഹിയിലേക്ക് വരരുതെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ ഉത്തരവിട്ടിരുന്നു. ദൽഹിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലടക്കം ഇതോടെ ആസാദിന് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണെന്നും അതിൽ പങ്കെടുക്കുക എന്നത് അവകാശമാണെന്നും കോടതി വ്യക്തമാക്കി. ആസാദ് വെറുപ്പു പടർത്തുന്ന പ്രസംഗം നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ആസാദിന് എതിരായ എഫ്.ഐ.ആറിൽ ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി.